12:04pm 28 November 2026
NEWS
ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ കൊറിയർ ചെയ്തു; വ്യാജ ഫേസ്ബുക്ക് പേജിലൂടെ പരിഹാസം; യൂത്ത് കോൺഗ്രസ് പരാതി നൽകി
28/11/2026  10:29 AM IST
nila
ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ കൊറിയർ ചെയ്തു; വ്യാജ ഫേസ്ബുക്ക് പേജിലൂടെ പരിഹാസം; യൂത്ത് കോൺഗ്രസ് പരാതി നൽകി

ഷാഫി പറമ്പിൽ എംപിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ പ്രചാരണം. ഗർഭനിരോധന ഉറകൾ അയച്ചുനൽകുന്നതിന്റെ ദൃശ്യങ്ങളും പരിഹാസക്കുറിപ്പും ഉൾപ്പെടുന്ന പോസ്റ്റുകളാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. കാസർകോട് ജില്ലാ യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക പേജെന്ന പേരിൽ പ്രവർത്തിക്കുന്ന വ്യാജ അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങളും പരാമർശങ്ങളും പുറത്തുവന്നത്.

‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്. പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’ എന്ന കൈയക്ഷരത്തിലുള്ള കുറിപ്പും ദൃശ്യങ്ങൾക്കൊപ്പമുണ്ട്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ അറിയിച്ചു.

കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനു പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരായ പുതിയ നീക്കം. രാജ്‌മോഹൻ ഉണ്ണിത്താൻ വടകര എംപിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് വണ്ടാഴിയിലെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് നെല്ലിക്ക പാഴ്സലായി അയച്ചുനൽകിയിരുന്നു.

ഒരു ദിവസം മൂന്ന് തവണ നെല്ലിക്കാത്തളം വെക്കണമെന്ന പരിഹാസക്കുറിപ്പും പാഴ്സലിനൊപ്പം ഉൾപ്പെടുത്തിയിരുന്നു. ഷാഫി പറമ്പിലിന്റെ വർധിച്ചുവരുന്ന ജനപിന്തുണ രാജ്‌മോഹൻ ഉണ്ണിത്താനെ അസ്വസ്ഥനാക്കുന്നുവെന്നും കാസർകോട്ടെ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് അദ്ദേഹം എംപിയായതെന്നും കുറിപ്പിൽ പരിഹസിച്ചിരുന്നു.

ഈ പ്രതിഷേധത്തിനു പിന്നാലെയാണ് ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടുള്ള ഗർഭനിരോധന ഉറകളുടെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. വ്യാജ അക്കൗണ്ടിന്റെ പിന്നിൽ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img